*ഇനിയും ഓണ്‍ലൈന്‍ ഇടപാടുകള്‍ ചെയ്യാത്തവരാണോ? മാര്‍ച്ച് 16 മുതല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ പുതിയ തീരുമാനം: കടുപ്പിച്ച് റിസര്‍വ് ബാങ്ക്*
ഡെബിറ്റ് കാര്‍ഡുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുമായി പുതിയ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാനൊരുങ്ങി ആര്‍.ബി.ഐ. കൈവശമുളള ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് ഇതുവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്ത ഉപഭോക്താക്കള്‍ക്ക് പ്രത്യേക മുന്നറിയിപ്പുമുണ്ട്. ഉപയോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും കാര്‍ഡ് ഇടപാടുകളുടെ സുരക്ഷ ഉയര്‍ത്തുന്നതിനുമായാണ് പുതിയ നിയമം.
കാര്‍ഡ് ഉപയോഗിച്ചുള്ള സാമ്ബത്തിക ഇടപാടുകളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇതുവരെയും ഓണ്‍ലൈന്‍ അഥവാ കോണ്‍ടാക്‌ട്‌ലെസ് ഇടപാട് നടത്തിയിട്ടില്ലാത്ത ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളിലെ ഈ സേവനം നിറുത്തി വയ്ക്കണമെന്ന് ജനുവരിയില്‍ ആര്‍.ബി.ഐ കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഇതുവരെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ഒറ്റ ഓണ്‍ലൈന്‍ ഇടപാടുപോലും നടത്തിയില്ലെങ്കില്‍ മാര്‍ച്ച് 16ന് ഇത്തരം കാര്‍ഡുകളുടെ 'ഓണ്‍ലൈന്‍ ശേഷി' ന് ശേഷം നിര്‍വീര്യമാകും. അതായത് മേല്‍പ്പറഞ്ഞ സമയപരിധി കഴിഞ്ഞാല്‍ കൈവശമുളള കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ലെന്ന് ചുരുക്കം. എ.ടി.എം, പി.ഒ.എസ് പോലുളള നേരിട്ടുളള ഇടപാടുകള്‍ക്ക് മാത്രമായി കാര്‍ഡിന്റെ സേവനം ചുരുങ്ങുമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
കാര്‍ഡുകളില്‍ സൗകര്യപ്പെടുത്തിയിരിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍( ആര്‍.എഫ്.ഐ.ഡി) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങുമ്ബോഴാണ് കോണ്‍ടാക്ടലസ് ഇടപാട് നടക്കുന്നത്. ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്കും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്ന കമ്ബനികള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ഇതുവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്ത ഉപഭോക്താക്കളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ തുടര്‍ന്നുളള ഓണ്‍ലൈന്‍ സേവനം അവസാനിപ്പിക്കാനാണ് നിര്‍ദേശത്തില്‍ പറയുന്നത്.